Loading Info Corner...

ഭരണനിർവഹണ ഘടന

ഞങ്ങളെക്കുറിച്ച്

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി, കേരള സർക്കാർ 1990-ൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് സ്ഥാപിച്ചു. വിദ്യാർത്ഥികളുടെ സമഗ്ര വിജ്ഞാനവികസനം, വ്യക്തിത്വ രൂപീകരണം, ഉന്നത വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനത്തിനാവശ്യമായ അക്കാദമിക് അടിത്തറ ഉറപ്പാക്കൽ എന്നിവ ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ രൂപകല്പന ചെയ്ത സുസ്ഥിരവും സമഗ്രവുമായ വിദ്യാഭ്യാസ സംവിധാനമാണ് ഹയർ സെക്കൻഡറി വിദ്യാഭ്യാസം.

പ്രീ-ഡിഗ്രി കോഴ്സുകൾ സർവകലാശാലാ വിദ്യാഭ്യാസത്തിൽ നിന്ന് ഘട്ടംഘട്ടമായി വേർതിരിച്ച്, 2000-2001 അധ്യായന വർഷം മുതൽ പൂർണ്ണമായും ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തിൽ കൊണ്ടുവന്നു. പ്രാരംഭ ഘട്ടങ്ങളിൽ മനുഷ്യവിഭവ ശേഷിയുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കുറവ് വകുപ്പിന് വെല്ലുവിളിയായിരുന്നുവെങ്കിലും, എല്ലാ പരിമിതികളെയും അതിജീവിച്ച് ഉദ്യോഗസ്ഥരുടെ കൂട്ടായ പരിശ്രമഫലമായി ഡയറക്ടറേറ്റ് ഒരു സമഗ്രവും കാര്യക്ഷമവുമായ സ്ഥാപനമായി വളർന്നു. വിദ്യാഭ്യാസ മേഖലയിലെ ഭരണസംവിധാനം കാര്യക്ഷമമാക്കുന്നതിനുള്ള ഒരു സുപ്രധാന പരിഷ്കാരമെന്ന നിലയിൽ, 2019-ൽ കേരള സർക്കാർ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്, വൊക്കേഷണൽ ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്, ഡയറക്ടറേറ്റ് ഓഫ് പബ്ലിക് ഇൻസ്ട്രക്ഷൻ (DPI) എന്നിവയെ സംയോജിപ്പിച്ചു. ഇതിലൂടെ 'പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്’ എന്ന പേരിൽ ഒരൊറ്റ ഡയറക്ടറേറ്റ് നിലവിൽ വന്നു. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ ഒരു ഏകീകൃത വിദ്യാഭ്യാസ ഘടന രൂപപ്പെടുത്തുക, ഭരണപരമായ കാര്യക്ഷമത വർദ്ധിപ്പിക്കുക, അക്കാദമിക് പ്രവർത്തനങ്ങളെ മികച്ച രീതിയിൽ ഏകോപിപ്പിക്കുക എന്നിവയാണ് ഈ ലയനത്തിലൂടെ ലക്ഷ്യമിടുന്നത്.